Tuesday, November 14, 2006

ഒറ്റവരിക്കഥ

അന്ധന്` സഭാകമ്പമില്ല,തീരെയും.

Sunday, November 05, 2006

ദീര്‍ഘായുസ്സ് (മിനിക്കഥ)

"മനുഷ്യാ.. രാവിലെ എണീറ്റ് നടക്കാനും ഓടാനുമൊക്കെ നോക്ക്‌ " - എന്നും ഭാര്യയുടെ ഈ കീര്‍ത്തനം കേട്ടാണ്‌ ഞാന്‍ ഉണരുന്നത്. എന്നു കരുതി ഉടനെ എഴുന്നേല്‍ക്കറൊന്നുമില്ല കേട്ടോ. അയലത്തെ വീട്ടില്‍ താമസിക്കുന്നത് ഏതോ വലിയ കമ്പനീലെ മാനേജരാണ്‌. അരോഗദൃഢഗാത്രനായ ചെറുപ്പക്കാരന്‍. അങ്ങേര്‌ ദിവസവും രാവിലെ നടക്കാനൊക്കെ പോകും. അത് കണ്ടിട്ടാ അവളിങ്ങനെ തുള്ളുന്നത്. എനിക്കാണേല്‍ ഇമ്മിണി അസുഖങ്ങളൊക്കെയുണ്ട്.ഡോക്ടറും പറഞ്ഞതാ കുറച്ചൊക്കെ വ്യായാമം ചെയ്യാന്‍. എന്നും ഉറങ്ങാന്‍ കിടക്കുമ്പൊ വിചാരിക്കും നേരത്തേ എണീറ്റ് ഓടണമെന്നൊക്കെ. അലാറവും വെക്കും. അതടിക്കുമ്പോ ഓഫാക്കി പിന്നെയും കിടക്കും. ഇങ്ങനെ മടിയാണെന്നേ.

"ചേട്ടാ , ആ മാനേജരു..... കാറിടിച്ച്........ മരിച്ചെന്ന് . രാവിലെ .....നടക്കാനിറങ്ങിയതാര്‍ന്ന്........കഷ്ടം.."- അവള്‍ വല്ലാതെ കിതച്ചു കൊണ്ടാണ്` മുഴുമിപ്പിച്ചത്

"കഷ്ടം"-ഞാനും അതല്ലാതെ എന്നാ പറയാനാ.

Saturday, October 07, 2006

നിരൂപണം (മിനിക്കഥ)

ചീറിപ്പാഞ്ഞ് പോകുകയായിരുന്ന മോട്ടോര്‍സൈക്കിള്‍കാരനോട് ഒരാള്‍ ലിഫ്‌റ്റ് ചോദിച്ചു. അയാള്‍ നിര്‍ത്തിയില്ല. കുറച്ചങ്ങോട്ട് നീങ്ങിയപ്പോള്‍ മറ്റൊരാള്‍ ലിഫ്‌റ്റ് ചോദിച്ചു. അപ്പോഴും അയാള്‍ നിര്‍ത്തിയില്ല.അല്‍പം കൂടി നീങ്ങിയപ്പോള്‍ പെട്ടെന്ന് ഈ രണ്ട് പേരുടെയും കണ്മുന്നില്‍ വെച്ച് അയാളെ ഒരു ടിപ്പര്‍ ലോറി ഇടിച്ച് വീഴ്ത്തി.
അത് കണ്ട്, ലിഫ്‌റ്റ് ചോദിച്ച ആദ്യത്തെയാള്‍ മനസ്സില്‍ പറഞ്ഞു:'അങ്ങനെ തന്നെ വേണം, ഒരു ലിഫ്‌റ്റ് ചോദിച്ചിട്ട് നിര്‍ത്താതെ പോയവനല്ലെ'
എന്നാല്‍ രണ്ടാമത്തെയാള്‍ ദൈവത്തിന്‌ നന്ദി പറഞ്ഞു :"'ഭാഗ്യം .അയാള്‍ ലിഫ്‌റ്റ് തന്നിരുന്നെങ്കില്‍ ഞാനും പെട്ട് പോയേനേ'

Sunday, September 17, 2006

കവര്‍ച്ച (കവിത)

വിട ചൊല്ലി
മറയുമ്പോള്‍
നീ എന്റെ ഹൃദയം
കവര്‍ന്നിരിക്കും.
അപ്പോള്‍ ഞാനൊരു
ഹൃദയമില്ലാത്തവനാകുന്നു.
വീണ്ടും കാണുമ്പോള്‍
നിന്റെ നോട്ടത്താല്‍
എന്റെ കണ്ണുകളിലെ
ചോര വറ്റിയിരിക്കും.
അന്നേരം
ഞാനൊരു
കണ്ണില്‍ച്ചോരയില്ലാത്തവനാകുന്നു.

കണ്ണ്‌ (കവിത)

നാല്‌ കണ്ണുകള്‍
നാവിനെ
നാണിപ്പിക്കും നിമിഷങ്ങളില്‍
ഹൃദയം പുഴയായൊഴുകുന്നു.
സ്വപ്നക്കാടിന്റെ നെഞ്ചകം നനയുന്നു.
ആത്മശിഖരത്തില്‍
കിളിയൊച്ച കേള്‍ക്കുന്നു.
ഇനി വേടന്മാരുടെ-
കണ്ണ്‌ പൊട്ടിപ്പോകട്ടെ.
എന്തിനെന്നറിയാതെ
വിരിയുന്ന പൂക്കളില്‍
വണ്ടുകള്‍ തേടുന്നു സ്‌നേഹം.
പിന്നെ,
എങ്ങോട്ടെന്നറിയാതെ-
യലയുന്ന കാറ്റില്‍,
തൂവലായ് പാറുന്നു ഹൃദയം.


(2004)

അനുസ്‌ മരണം (നുറുങ്ങ്)

നന്നെ മെലിഞ്ഞ് നീണ്ട അയാള്‍ നാട്ടുകാര്‍ക്കൊക്കെ ഒരു തമാശയായിരുന്നു. നൂല്,നീര്‍ക്കോലി,പെന്‍സില്‍..അങ്ങനെ നീണ്ട്‌ പോകുന്നു അയാള്‍ക്കിട്ട പേരുകള്‍.ഒടുക്കം സഹികെട്ട അയാള്‍ ഇരുണ്ട ഒരു രാത്രിയില്‍ പുഴക്കടവിലേക്ക് നടന്നു. പിന്നെ അയാളുടെ ചീര്‍ത്ത ജഡമാണ്‌ നാട്ടുകാര്‍ കാണുന്നത്. "അല്ല,..നല്ല തടി വെച്ചല്ലൊ !!!" ആര്‍ക്കും ഒരു എതിരഭിപ്രായമുണ്ടായിരുന്നില്ല.
(1996)

ഇന്നലെ..ഇന്ന്‌..(കവിത)

ഇന്നലെ പെയ്ത
ഭ്രാന്തന്‍ മഴ
എന്റെ തേട്ടമായിരുന്നു.
***
അതിനു മുമ്പ്,
വിരിഞ്ഞ വില്ല്‌
എന്റെ സ്വപ്നവും
അതിനെ
ഉതിര്‍ത്ത ആകാശം
എന്റെ തോട്ടവുമായിരുന്നു.
***
അവിടെ
തെളിഞ്ഞ മിന്നല്‍
എന്റെ നോട്ടമായിരുന്നു.
പിന്നെക്കേട്ട
ഇടിനാദം
എന്റെ കോട്ടമായിരുന്നു.
***
ഇന്ന്
ഇവിടെയൊഴുകുന്ന
പൊങ്ങുകള്‍
എന്റെ കൂട്ടമാകുന്നു.

(1995)

ഉത്തരം (മിനിക്കഥ)

ചിന്തകള്‍ക്കു മീശ മുളച്ചത് മുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു, കൂട്ടിലിട്ട വെരുകിനെപ്പോലെ. ജന്മം, പ്രണയം, ബന്ധങ്ങള്‍ എന്നു തുടങ്ങി എല്ലാം അയാള്‍ക്കു ചോദ്യചിഹ്നങ്ങളായിരുന്നു.
ഒടുവില്‍,തലയിറുന്ന് താഴെ വീഴുമെന്നായപ്പോള്‍ എല്ലാറ്റിനും അയാള്‍ക്ക് ഒരുത്തരം കിട്ടി. അയാളുടെ,പൊളിഞ്ഞു വീഴാറായ വീടിന്റെ ബലമേറിയ ഉത്തരം .

തൃപ്തി (കവിത)

ആദ്യം
അവളൊരു പൂ ചോദിച്ചു.
ഞാനെന്റെ കരള്‌ പറിച്ചവള്‍ക്ക് നീട്ടി.
അപ്പോളവള്‍ മുഖം ചുളിച്ചു.
"ഈ കരിങ്കല്ലെനിക്ക് വേണ്ട."

പിന്നെ,
അവളൊരു മുന്തിരിക്ക്‌
ചുണ്ട് കൂര്‍പ്പിച്ചു.
ഞാന്‍ കണ്ണ്‌ ചൂഴ്ന്ന്‌
അവള്‍ക്ക് നല്‍കി.
ഉടനെ, അവളത് എറിഞ്ഞുടച്ചു.
"ഈ ഗോട്ടിയെനിക്കെന്തിനാ..?"

ഒടുവില്‍ ,
ഒരിറ്റ് വിഷത്തിനായ്‌
അവള്‍ നാവ് നീട്ടി.
ഞാനെന്റെ രക്തമൂറ്റിയാറ്റിക്കൊടുത്തു.
അത് മാത്രം,
മറുത്തൊന്നും പറയാതെ,
ഒറ്റ വലിക്കവള്‍ കുടിച്ച് തീര്‍ത്തു.
അവളില്‍ സംപ്തൃപ്തിയുടെ -
നീലഞരമ്പുകളെഴുന്ന്‌ വന്നു.
ശേഷം,
അവളൊന്നും ചോദിച്ചില്ല. (1998)

Thursday, September 14, 2006

എടുക്കാത്ത നോട്ടുകള്‍ (ചെറുകഥ)


(ഞാന്‍ ഇതുവരെ എഴുതിയതില്‍ വെച്ച്‌ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെയും അവസാനത്തേതുമായ ഈ ചെറുകഥ എല്ലാ മലയാള ബ്ലോഗീ-ബ്ലോഗന്മാര്‍ക്കും ഇവിടെ സമര്‍പ്പിക്കുന്നു.)നിര്‍വചനം (കവിത)
(ഈ കവിത കോഴിക്കോട് നിന്നു പ്രസിദ്ധീകരിക്കുന്ന പുടവ മാസികയില്‍ വന്നിട്ടുള്ളതാണ്. (1999- ഏപ്രില്‍)
അഹം എന്ന പേരാണ്‌ അന്ന് ഉപയോഗിച്ചിരുന്നത്.)

Wednesday, September 13, 2006

ദീര്‍ഘദൃഷ്‌ടി (നര്‍മം)*

നമ്പൂതിരിക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കും കൂടി രണ്ടു പഴം കിട്ടി.
ഒന്ന്‌ വലുതും മറ്റേത് ചെറുതും.നമ്പൂതിരി വലുതെടുതിട്ട് ചെറുത് മറ്റെയാള്‍ക്കു കൊടുത്തു.

അപ്പോള്‍ അയാള്‍ പറഞു:"നമ്പൂതിരി, ഞാനായിരുന്നു വീതിച്ചതെങ്കില്‍ ചെറുത് ഞാനെടുതിട്ട് വലുത് താങ്കള്‍ക്ക് നല്‍കുമായിരുന്നു."

ഇതു കേട്ട നമ്പൂതിരിക്ക് ചിരി വന്നു:" അത് നമ്മക്ക് അറിയാം.അത് കൊണ്ടാണു ചെറുത് തന്നെ നിങള്‍ക്ക് നോം തന്നത്"

*-സ്വന്തമല്ല

Sunday, September 03, 2006

അജീര്‍ണം (കവിത)

ഒന്നും ദഹിക്കാതെയായി.
ഉള്ളിലൊന്നും പിടിക്കാതെയായി.

അഛ്ചന്റെ
മേല്‍ച്ചുണ്ടില്‍ ശ്മശ്രുക്കളില്ല.
അമ്മയുടെ
കീഴ്ചുണ്ടില്‍ ലിപ്സ്റ്റിക്ക്‌ നാറുന്നു.

അനിയന്റെ
ജീന്‍സിനോ സുഷിരങ്ങളേറെ.
പെങ്ങളുടെ
ടീ-ഷര്‍ട്ടില്‍ ചുംബിക്കാനര്‍ഥന*.

ഒന്നും തിരിയാതെയായി.
ആര്‍ക്കുമൊന്നുമേ പോരാതെയായി.


*- Printed 'Kiss Me'

യോഗം (കവിത)

ഇപ്പോള്‍
ഇരുട്ടിന്റെ തേര്‍വാഴ്ചയാണ്‌.
വെളിച്ചത്തിന്‌ പോലും
വെളിച്ചമില്ലാതെയായി.
ഇവിടെ,
ഈ രാത്രിമഞ്ഞിന്റെ
കനവുരുകിയൊലിച്ചിറങ്ങി,
താഴ്‌വാരത്തൊരു കിനവായുറഞ്ഞുകൂടുന്നു.
ഒരു രാപ്പാടിക്കുഞ്ഞിന്‍-
നിനവിന്‍ നികുഞ്ജമുള്ളില്‍
പിടഞ്ഞൊരു സ്വനം
നിതാന്ത വിലാപമാകുന്നു.
ചുരുക്കത്തില്‍
മനം തേടിയത്‌
കണ്ണ്‌ കൊണ്ടില്ല.
കണ്ണ്‌ കണ്ടത്‌
മനം നേടിയുമില്ല.
തോറ്റത്‌ ഞാന്‍ മാത്രം.


(മാര്‍ അത്തനേഷ്യസ്‌ ഹൈസ്കൂള്‍ കാക്കനാട്‌.-സുവര്‍ണ ജൂബിലി സ്മരണിക [1997].)

മൂന്നക്ഷരം (കവിത)

ഞാനെന്ന രണ്ടക്ഷരം
അധികം
നീയെന്ന ഒറ്റയക്ഷരം
സമം
പ്രണയം എന്നു മൂന്നക്ഷരം.
നിനക്ക്‌ ചിരിക്കാനായ്‌
രണ്ടു ചുണ്ടുകള്‍.
എനിക്ക്‌ കരയാനായ്‌
ഒരൊറ്റത്തൊണ്ട മാത്രം.
നീ
ഇടത്ത്‌ നിന്ന്
വലത്തോട്ടെഴുതുന്നു.
എനിക്കത്‌
വലത്ത്‌ നിന്ന്
ഇടത്തോട്ട്‌ വായിക്കാനേ-
കഴിയുന്നുള്ളൂ.
നീ
വസന്തം നുണഞ്ഞ്‌
തഴച്ച്‌ വളരുന്നു.
ഞാനോ
വരള്‍ച്ചയില്‍ മുങ്ങി മരിക്കുന്നു.
(1999)

കൊളാഷ്‌ (കവിത)

ഓര്‍മകളില്‍
മഴ പെയ്യുമ്പോള്‍
നനഞ്ഞ ചിറകുമായ്‌
ഒരു തുമ്പി ചിരിക്കുന്നു .-ബാല്യം

മാഞ്ചുവട്ടില്‍
നനഞ്ഞു കുതിര്‍ന്ന്‌
മാങ്ങ വീഴുന്നതും കാത്ത്‌-
നില്‍ക്കുമ്പോള്‍
‍കാറ്റ്‌ വീശിത്തണുപ്പിച്ച
സ്വപ്നക്കൂട്‌.-മനസ്സ്‌

സ്ലേറ്റ്‌ തുടക്കാന്‍
‍വഴിയരുകില്‍ നിന്ന്‌
പറിച്ചെടുത്ത പച്ചയുടെ-
തണ്ടില്‍ നിന്നൂറിയത്‌.- ജീവന്‍

എന്തിനെന്നറിയാതെ
വിരിഞ്ഞൊരു പൂവിന്റെ
ചുണ്ടില്‍ കരിവണ്ട്‌
കോറിയ ചിത്രം.-ജീവിതം

കാലമേറേ കടന്നിട്ടും
ഇനിയും
തുരുമ്പിക്കാത്ത വാക്ക്‌.-പ്രണയം.

ഒടുവില്‍,
ചൂണ്ടക്കൊളുത്ത്‌
മീനിനോട്‌ പറഞ്ഞ,
പറഞ്ഞാലും തീരാത്ത കഥ.- മരണം


(Published in Penstrokes-June 2005.)


View My Stats